01:32pm 10 November 2026
NEWS
കീം റാങ്കിന് പുതിയ സമവാക്യം: തമിഴ്‌നാട് മോഡൽ നടപ്പാക്കും
01/07/2025  08:28 AM IST
സുരേഷ് വണ്ടന്നൂർ
കീം റാങ്കിന് പുതിയ സമവാക്യം: തമിഴ്‌നാട് മോഡൽ നടപ്പാക്കും

കേരളത്തിലെ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയായ (കീം) റാങ്ക് നിർണ്ണയ രീതിയിൽ കാതലായ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് എൻട്രൻസ് റാങ്കിൽ പിന്നോട്ട് പോകുന്നെന്ന പരാതി വ്യാപകമായതിനെ തുടർന്നാണിത്. തമിഴ്‌നാട്ടിലെ മാതൃക സ്വീകരിച്ച്, ഇനിമുതൽ പ്രവേശന പരീക്ഷാ എഴുതിയ വിദ്യാർത്ഥികൾ ഏത് ബോർഡിന്റെ പരീക്ഷയാണോ എഴുതിയത്, ആ ബോർഡിന്റെ ഫലം മാത്രമേ മാർക്ക് സമീകരണത്തിന് പരിഗണിക്കൂ.

ഇതുവരെ, ജമ്മുകാശ്മീർ, ഉത്തർപ്രദേശ് അടക്കമുള്ള 18 സംസ്ഥാന ബോർഡുകളുടെയും കേംബ്രിഡ്ജ് ഉൾപ്പെടെയുള്ള വിദേശ ബോർഡുകളുടെയും മാർക്കുകളുമായായിരുന്നു സമീകരണം നടത്തിയിരുന്നത്. ഇത് കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മാർക്കിന്റെ മൂല്യം കുറയ്ക്കുകയും, എൻട്രൻസ് റാങ്കിൽ അവർ പിന്നോട്ട് പോകാൻ കാരണമാവുകയും ചെയ്തിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധരടങ്ങിയ സമിതിയുടെ ശുപാർശ പ്രകാരമാണ് പുതിയ നടപടി.

എങ്ങനെയാണ് പുതിയ മാർക്ക് സമീകരണം?

പുതിയ മാർക്ക് സമീകരണ രീതി അനുസരിച്ച്, പ്ലസ്ടുവിന്റെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്/ബയോളജി) വിഷയങ്ങൾക്ക് ഓരോ പരീക്ഷാ ബോർഡും ഇത്തവണ നൽകിയ ഉയർന്ന മാർക്ക് എൻട്രൻസ് കമ്മീഷണർ ശേഖരിക്കും.
ഓരോ വിഷയത്തിനും 100 മാർക്കാണ് മാനദണ്ഡം. ഉദാഹരണത്തിന്, ഒരു വിഷയത്തിൽ 95 ഉയർന്ന മാർക്ക് നൽകിയ ബോർഡിന് കീഴിൽ പരീക്ഷയെഴുതിയ കുട്ടിക്ക് 70 മാർക്കാണ് ലഭിച്ചതെങ്കിൽ, ഇത് 100-ലേക്ക് പരിവർത്തനപ്പെടുത്തുമ്പോൾ 73.68 ആകും.
മൂന്ന് വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിക്കുമ്പോൾ മൊത്തം മാർക്ക് 300 ആകും. അതിനുശേഷം, ഈ മാർക്കുകൾക്ക് മാത്തമാറ്റിക്സിന് മുൻഗണന നൽകി 5:3:2 എന്ന അനുപാതത്തിൽ വെയിറ്റേജ് നൽകും. അതായത്, മാത്തമാറ്റിക്സിന് 150 മാർക്കും ഫിസിക്സിന് 90 മാർക്കും കെമിസ്ട്രിക്ക് 60 മാർക്കും എന്ന നിലയിൽ വെയിറ്റേജ് ലഭിക്കും.

പ്ലസ്ടു പരീക്ഷയിലെ ഈ സമീകരിച്ച 300 മാർക്കും, പ്രവേശന പരീക്ഷയിലെ സമീകരിച്ച 300 മാർക്കും ചേർത്ത് 600 ഇൻഡക്സ് മാർക്കിലായിരിക്കും റാങ്ക് പട്ടികയ്ക്കുള്ള സ്കോർ നിശ്ചയിക്കുക.

സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ദേശീയതല മാർക്ക്

സിബിഎസ്ഇ, ഐഎസ്ഇ ബോർഡുകളിൽ നിന്ന് പ്ലസ്ടു പാസായ വിദ്യാർത്ഥികളുടെ കാര്യത്തിൽ, ദേശീയ തലത്തിലെ ഉയർന്ന മാർക്കായിരിക്കും നോർമലൈസേഷനായി പരിഗണിക്കുക. ഗ്രേഡുകളായി ഫലം പ്രസിദ്ധീകരിക്കുന്ന ബോർഡുകളാണെങ്കിൽ, വിദ്യാർത്ഥികൾ ബോർഡിൽ നിന്ന് മാർക്ക് രേഖ വാങ്ങി നൽകണം. രേഖ ലഭ്യമല്ലെങ്കിൽ, ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻട്രൻസ് കമ്മീഷണർ തീരുമാനമെടുക്കും.
രണ്ട് മാസം മുൻപ് നടന്ന പരീക്ഷയുടെ സ്കോർ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും റാങ്ക് പട്ടിക പുറത്തുവിടാനായിരുന്നില്ല. പുതിയ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങൾ വരുത്തിയ ശേഷം, കീം എൻട്രൻസ് റാങ്ക് ലിസ്റ്റ് ഈയാഴ്ച പ്രസിദ്ധീകരിക്കും. ഇതിനായുള്ള പ്രോസ്പെക്ടസ് ഉടൻ തന്നെ പരിഷ്കരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img